National
ന്യൂഡൽഹി: സഹപ്രവർത്തകയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് കോടതി തള്ളി. ഗോവ സർക്കാരിന്റെ അപ്പീലിലാണ് ഈ നിർണായക നടപടി.
വിധി പുറത്തുവന്നപ്പോൾ കോടതിയിൽ ഉണ്ടായിരുന്ന തേജ്പാലിനെ ഉടനടി കസ്റ്റഡിയിലെടുത്തു. ശിക്ഷാവിധി സംബന്ധിച്ച വാദങ്ങൾ കോടതി ഉടൻതന്നെ പരിഗണിക്കും. ജസ്റ്റീസ് നീല ഗോഖലെ, ജസ്റ്റീസ് അമിത് സംദെക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.
2013 നവംബർ ഏഴ്, എട്ട് തീയതികളിൽ ഗോവയിലെ ഒരു സ്വകാര്യ റിസോർട്ടിൽവച്ച് മാധ്യമപ്രവർത്തകയായ സഹപ്രവർത്തകയോട് തരുൺ തേജ്പാൽ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. ഈ കേസിൽ 2021-ൽ ഗോവയിലെ വിചാരണക്കോടതി അദ്ദേഹത്തെ വെറുതെവിട്ടിരുന്നു.
ഈ വിധിക്കെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ പ്രത്യാഘാതമുള്ള ഉത്തരവ് വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഹാജരായത്.
National
ന്യൂഡൽഹി: കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ, വ്യാജ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവ പ്രചരിച്ചതിലും പ്ലാറ്റ്ഫോമിന്റെ പ്രവർത്തനത്തിലുണ്ടായ സാങ്കേതികപ്പിഴവുകളിലും കേന്ദ്രസർക്കാരിനോടു ഖേദം പ്രകടിപ്പിച്ച് മെറ്റ.
മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് മേധാവി ജോയൽ കപ്ലാന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഇന്നലെ കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവുമായും മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണനുമായും നടത്തിയ കൂടിക്കാഴ്ചയിലാണു ഖേദം പ്രകടിപ്പിച്ചത്. ഉപയോക്താക്കൾക്ക് ഏത് ഉള്ളടക്കം ലഭ്യമാക്കണമെന്ന് മെറ്റ സ്വയം തീരുമാനിക്കുന്നതിനാൽ വിവരസാങ്കേതിക നിയമപ്രകാരമുള്ള സംരക്ഷണം മെറ്റയ്ക്കു ബാധകമല്ലെന്ന് കൂടിക്കാഴ്ചയിൽ കേന്ദ്രസർക്കാർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് താത്കാലികമായി നീക്കം ചെയ്തതിനെത്തുടർന്ന് അയച്ച സമൻസിന് മറുപടിയായാണ് മെറ്റ സംഘം കേന്ദ്രസർക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. കമ്പനിയുടെ പ്രാദേശിക ഉദ്യോഗസ്ഥരെയല്ല മറിച്ച് ആഗോളതലത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് കേന്ദ്രസർക്കാർ വിശദീകരണം തേടിയത്.
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മൂന്നു ദിവസത്തിനകം മെറ്റ മേധാവി സക്കർബർഗ് മാപ്പ് പറഞ്ഞില്ലെങ്കിൽ കമ്പനിക്കുള്ള നിയമപരമായ സംരക്ഷണം പിൻവലിക്കുമെന്ന് വിവരസാങ്കേതിക കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി ജൂലൈ 23ന് പങ്കുവച്ച സെൽഫി വീഡിയോ ഓട്ടോമേറ്റഡ് ഫിൽട്ടറുകളുടെ സാങ്കേതികപ്പിഴവുമൂലമാണ് നീക്കം ചെയ്തതെന്നാണ് മെറ്റ നൽകിയ വിശദീകണം. പിന്നീട് ഈ വീഡിയോ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ മെറ്റ നൽകിയ വിശദീകരണത്തിൽ കേന്ദ്രസർക്കാർ തൃപ്തരല്ലെന്നാണു സൂചന.
കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പങ്കുവച്ചതിനെത്തുടർന്ന് കേന്ദ്രസർക്കാരിന്റെ കടുത്ത നിരീക്ഷണത്തിലിരിക്കെയാണു പ്രധാനമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമത്തിൽനിന്നും നീക്കം ചെയ്ത സംഭവം മെറ്റയെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. കമ്പനിയുടെ ആഗോള പ്രതിനിധിസംഘം ഇന്നും കേന്ദ്ര സർക്കാരുമായി കൂടിക്കാഴ്ച നടത്തും.
Sports
സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ കോടതിയിൽ കുറ്റം സമ്മതിച്ച് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.
സിഡ്നിയിലെ പോലീസ് പരിശോധനയ്ക്കിടെയാണ് വാർണർ മദ്യപിച്ചതിന് പോലീസിന്റെ പിടിയിലാകുന്നത്. പരിശോധനയിൽ താരം മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.
വാർണർ തന്റെ തെറ്റ് അംഗീകരിച്ചതായും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നിലവിൽ സിഡ്നി തണ്ടർ ടീമിന്റെ ക്യാപ്റ്റനായ വാർണർക്കെതിരേയുള്ള ഈ കേസിൽ ഓഗസ്റ്റ് 18ന് കോടതി വിധി പ്രസ്താവിക്കും.
Kerala
തിരുവനന്തപുരം: നവകേരള യാത്രയിൽ 'രക്ഷാപ്രവർത്തനം' സംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി. അഞ്ച് പോലീസുകാരും കുറ്റക്കാരാണെന്നാണ് റിപ്പോർട്ടിലുള്ളത്. അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ തുടങ്ങിയവർ പ്രതികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഗൺമാൻമാർക്കെതിരെ വകുപ്പ് ചുമത്തിയിട്ടില്ല. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ അഞ്ച് പേർക്കുമെതിരെ വകുപ്പുതല നടപടി ശിപാർശ ഉടൻ ഡിജിപിക്ക് കൈമാറും.
ലോക്കൽ പോലീസ് തടഞ്ഞുവച്ചിട്ടും യൂത്ത് കോൺഗ്രസുകാരുടെ തലക്കടിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരചട്ടലംഘനം നടന്നെന്നാണ് കണ്ടെത്തൽ. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥർ എസ്ഐടിക്ക് മുൻപിൽ മൊഴി നൽകിയിരുന്നു.
നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ ഗൺമാന്മാരെ രക്ഷിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാർ നേരിട്ട് ഇടപെട്ടതായാണ് ഉദ്യോഗസ്ഥരുടെ മൊഴികൾ. തിരുവന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചു എന്നാണ് മൊഴി.
International
പാരീസ്: 228 പേർ മരിച്ച വിമാനദുരന്തത്തിൽ ഫ്രാൻസിലെ വ്യോമഗതാഗത കന്പനിയായ എയർഫ്രാൻസിനും വിമാന നിർമാണ കന്പനിയായ എയർബസിനും എതിരേ കോർപ്പറേറ്റ് നരഹത്യാക്കുറ്റം തെളിഞ്ഞതായി പാരീസിലെ അപ്പീൽ കോടതി വിധിച്ചു.
പാരീസിനും ബ്രസീലിലെ റിയോക്കും ഇടയിൽ സർവീസ് നടത്തിയിരുന്ന വിമാനം 2009 ജൂൺ ഒന്നിന് റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
കൊടുങ്കാറ്റിൽപ്പെട്ട് കടലിൽപതിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ ദീർഘകാല തെരച്ചിലിനുശേഷം അടിത്തട്ടിൽ കണ്ടെത്തി. 216 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിചാരണക്കോടതി 2023ൽ കന്പനികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഇപ്പോഴത്തെ വിധി.
National
ബംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയും മറ്റു 16 പേരും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. ശിക്ഷ ഇന്നു വിധിക്കും.
National
ബംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയും മറ്റു 16 പേരും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. ശിക്ഷ ഇന്നു വിധിക്കും.
Kerala
മഞ്ചേരി: കരാട്ടെ പരിശീലനത്തിനെത്തിയ വിദ്യാര്ഥികള്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന രണ്ടു കേസുകളില് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. വാഴക്കാട് ഊര്ക്കടവ് വലിയാട്ട് വീട്ടില് സിദ്ദീഖ് അലി (49) യെയാണ് ജഡ്ജി എ.എം. അഷ്റഫ് വെറുതെ വിട്ടത്. കരാട്ടെ അധ്യാപകനില് നിന്നുണ്ടായ ശാരീരിക മാനസിക പീഡനത്തെതുടര്ന്ന് 2024 ഫെബ്രുവരി 19ന് പെണ്കുട്ടി ചാലിയാര് പുഴയില് ചാടി ആത്മഹത്യ ചെയ്തിരുന്നു.
പെണ്കുട്ടിയുടെ മരണത്തെ തുടര്ന്ന് കൂടുതല് വിദ്യാര്ഥിനികള് പരിശീലകനെതിരെ പീഡന പരാതിയുമായെത്തി. 17കാരി ഡോക്ടര്ക്ക് 14 പേജുള്ള പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് 2024 ഏപ്രില് അഞ്ചിന് അറസ്റ്റിലായ പ്രതിയെ കാപ്പ ചുമത്തി കോഴിക്കോട് ജയിലിലും പിന്നീട് വിയ്യൂര് ജയിലിലും അടച്ചിരുന്നു. പരിശീലകനെതിരെ രജിസ്റ്റര് ചെയ്ത രണ്ടു പോക്സോ കേസുകളിലാണ് ഇപ്പോള് വിധി വന്നിട്ടുള്ളത്.
കുറ്റാരോപിതൻ ഭാര്യയും മക്കളും അടങ്ങുന്ന വീടിന്റെ ഓപ്പണ് ടെറസിലാണ് കരാട്ടെ ക്ലാസ് നടത്തിയിരുന്നതെന്നും പകല് സമയത്ത് നടന്നുവരുന്ന ക്ലാസില് ഓരോ ബാച്ചിലും 25ഓളം പെണ്കുട്ടികള് അഭ്യസിച്ചു വന്നിരുന്നുവെന്നും മൂന്ന് വനിതാ പരിശീലകര് ഉണ്ടായിരുന്നുവെന്നും ഈ സാഹചര്യത്തില് ലൈംഗിക പീഡനം നടന്നുവെന്നത് വിശ്വസനീയമല്ലെന്നും പ്രതിക്ക് വേണ്ടി ഹാജരായ ഐ.ടി. നജീബ് വാദിച്ചു.
2021 മാര്ച്ച് മാസത്തില് ഏതാനും വിദ്യാര്ഥികളെ അച്ചടക്ക ലംഘനത്തിന് ക്ലാസില് നിന്നു പുറത്താക്കിയിരുന്നു. ഈ വിദ്യാര്ഥികള് നടത്തിയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും ക്ലാസില് സിസിടിവി കാമറയുണ്ടെന്ന് പോലീസിന്റെ മഹസറിലും വില്ലേജ് ഓഫീസറുടെ സ്കെച്ചിലും ഉണ്ടെങ്കിലും ഒരു ദൃശ്യം പോലും കോടതിയില് ഹാജരാക്കാന് പ്രോസിക്യൂഷനു സാധിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. മാത്രമല്ല പീഡന പരാതി നല്കാന് ഒന്നര വര്ഷത്തോളമെടുത്തുവെന്നതും കേസിന് പ്രതികൂലമായി.
Kerala
കൊല്ലം: ആശുപത്രിയില് ജോലി ചെയ്യുന്നതിനിടെ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് ഡോ. വന്ദന ദാസ് മരിച്ച കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണല് സെഷന്സ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ തെളിഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദന ദാസ് (23) 2023 മേയ് 10ന് പുലർച്ചെയാണ് കുത്തേറ്റു മരിച്ചത്.
ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണു കേസ്. സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പോലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്കു പരിക്കേറ്റിരുന്നു.
കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
അക്രമം നടക്കുമ്പോൾ ഡോ. വന്ദന ദാസിനോടൊപ്പം കാഷ്വൽറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനായിരുന്നു ഒന്നാം സാക്ഷി.
കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ ഹാജരാക്കി. അധ്യാപകനായിരുന്ന സന്ദീപിനെ കേസിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനെത്തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പു വരുത്താനുള്ള നിയമ ഭേദഗതിയുണ്ടായി. കൂടാതെ, കർശന ശിക്ഷകൾ ഉൾപ്പെടുത്തിയാണ് നിയമം ഭേദഗതി ചെയ്തത്.
തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതിഭാഗത്തിനായി ആദ്യം വക്കാലത്ത് ഏറ്റെടുത്തത് ബി.എ. ആളുരായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം വക്കാലത്ത് ഏറ്റെടുത്ത മനുവും മരിച്ചു. തുടർന്ന് ജോൺ എസ്. റാൽഫ് കേസ് ഏറ്റെടുത്തെങ്കിലും വൈകാതെ ഒഴിഞ്ഞു. ഇതോടെ വിചാരണ അനിശ്ചിതമായി വൈകി.
ഇതിനെതിരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ഡോ. കെ. പ്രതിഭ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രതിഭാഗത്തിനായി പ്രതാപചന്ദ്രൻ പിള്ള ഹാജരായി വിചാരണ പൂർത്തിയാക്കിയത്. സന്ദീപിന്റെ മാനസിക നില തകരാറിലാണെന്ന വാദവുമായി പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
മൊഴികളെല്ലാം പ്രതിക്കെതിരേ
ഡോ.വന്ദനാദാസിനെ ആക്രമിക്കുന്നതു കണ്ടതായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാർ കോടതിയിൽ മൊഴി നൽകി. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും സാക്ഷികൾ തിരിച്ചറിഞ്ഞു.
സംഭവദിവസം കൊട്ടാരക്കര ഗവ.ആശുപത്രിയിൽ താൻ ജോലി ചെയ്തുകൊണ്ടിരുന്ന സമയം പ്രതി ഒബ്സർവേഷൻ മുറിയുടെ മുന്നിൽ ഡോ.വന്ദനയെ തലയ്ക്കും കഴുത്തിനും കുത്തി പരിക്കേൽപിക്കുന്നത് കണ്ടതായി ആശുപത്രി ജീവനക്കാരിയായ മിനിമോൾ മൊഴി നൽകി.
കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസിനെ പ്രതി ജി. സന്ദീപ് ആക്രമിക്കുന്നതു കണ്ടുവെന്നു ദൃക്സാക്ഷിയുടെ മൊഴി.
Kerala
കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ. ലതേഷ് വധക്കേസിൽ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.
ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശേരി തലായിൽ ലതേഷിനെ വെട്ടിക്കൊന്നത്.
കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നുമുതൽ ഏഴ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഒൻപത് മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിന്റെ വിചാരണ കാലയളവിൽ എട്ടാം പ്രതി മരിച്ചിരുന്നു.
International
ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യവാദി നേതാവും മാധ്യമസ്ഥാപനങ്ങളുടെ ഉടമയുമായ ജിമ്മി ലായിക്കെതിരേ കോടതിവിധി.
വിദേശശക്തികളുമായി ചേർന്ന് ചൈനയ്ക്കും ഹോങ്കോംഗിനും എതിരേ പ്രവർത്തിച്ചു, സ്വന്തം ഉടമസ്ഥതയിലുള്ള പത്രത്തിലൂടെ ദേശദ്രോഹ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്നീ കുറ്റങ്ങൾ അദ്ദേഹത്തിനെതിരേ തെളിഞ്ഞതായി ഹോംങ്കോംഗ് കോടതി ഇന്നലെ വ്യക്തമാക്കി. ശിക്ഷ അടുത്തവർഷം ആദ്യം വിധിക്കുമെന്നാണു സൂചന. ജീവപര്യന്തം ലഭിച്ചേക്കും.
ഹോങ്കോംഗിനെ വരുതിയിലാക്കാൻ ചൈന കൊണ്ടുവന്ന ദേശീയസുരക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണു ജിമ്മി ലായിയെ വിചാരണ ചെയ്തത്. എഴുപത്തെട്ടു വയസുള്ള അദ്ദേഹം 2020 മുതൽ ജയിലിലാണ്.
ശതകോടീശ്വരനായ ജിമ്മി ലായ് ചൈനയുടെ കടുത്ത വിമർശകനാണ്. 2019ൽ ഹോങ്കോംഗിൽ ചൈനയ്ക്കെതിരേ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളുമാണ്.
അദ്ദേഹത്തിന്റെ ആപ്പിൾ ഡെയ്ലി പത്രത്തിലൂടെ ചൈനയ്ക്കും ഹോങ്കോംഗിനും മേൽ പാശ്ചാത്യ ഉപരോധം ചുമത്തണമെന്ന് ആവശ്യപ്പെട്ടതായി കോടതി കണ്ടെത്തി. പത്രം പിന്നീട് പൂട്ടിയിരുന്നു.
ജിമ്മി ലായി ബ്രിട്ടീഷ് പൗരനാണെങ്കിലും ചൈന സ്വന്തം പൗരനായിട്ടാണു കരുതുന്നത്. ലായിയുടെ ഭാര്യ തെരേസയും ജനാധിപത്യ പ്രക്ഷോഭ നേതാവുകൂടിയായ കർദിനാൾ ജോസഫ് സെന്നും വിധിപ്രസ്താവം കേൾക്കാൻ കോടതിയിലെത്തിയിരുന്നു.
Kerala
കടുത്തുരുത്തി: നടിയെ ആക്രമിച്ച കേസില് ദിലീപ് വേട്ടയാടപ്പെട്ടിട്ടുണ്ടെങ്കില് അദ്ദേഹം അത് തെളിയിക്കട്ടെയെന്നും ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തനിക്ക് തോന്നിയിട്ടില്ലെന്നും അല്ലാതെ അത് തെളിയിക്കാന് തന്റെ കൈയില് തെളിവുകളൊന്നുമില്ലെന്നും രമേഷ് പിഷാരടി.
കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിര് സ്കൂളില് വോട്ട് ചെയ്യാനെത്തിയപ്പോള് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ചിലപ്പോഴൊക്കെ എല്ലാവര്ക്കും സ്വാഗതാര്ഹമായ, ഏല്ലാവരും അംഗീകരിക്കുന്ന വിധികള് ഉണ്ടാകാറില്ലെന്നും പിഷാരടി പറഞ്ഞു.
മുളക്കുളം പഞ്ചായത്തിലെ 18-ാം വാര്ഡിലാണ് പിഷാരടിയും ഭാര്യ സൗമ്യയും മകനൊപ്പം വോട്ട് ചെയ്യാനെത്തിയത്. കോണ്ഗ്രസ് നേതാക്കളായ സുബിന് മാത്യുവും സുരേഷ് വട്ടക്കാടനും ഒപ്പമുണ്ടായിരുന്നു.
National
ബംഗളൂരു: ബംഗളുരുവിലെ യുവ ഡോക്ടർ കൃതിക റെഡ്ഡിയെ കൊലപ്പെടുത്തിയത് ഭർത്താവ് മഹേന്ദ്ര റെഡ്ഡി. പ്രതി കാമുകിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പോലീസ് വീണ്ടെടുത്തതാണ് അന്വേഷണത്തിൽ നിർണായകമായത്.
ഡോക്ടർ മഹേന്ദ്ര റെഡ്ഡി കാമുകിക്ക് അയച്ച ശേഷം ഈ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ വാട്സാപ്പിൽനിന്ന് പോലീസ് ഇത് കണ്ടെടുത്തതോടെ നിൽക്കക്കള്ളിയില്ലാതെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രണയബന്ധം തുടരാനായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.
വിവാഹമോചനം നടത്തിയാൽ സ്വത്തുക്കൾ നഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും ഡോക്ടർ മഹേന്ദ്ര റെഡ്ഡി മൊഴി നൽകി. ആരും സംശയിക്കാതിരിക്കാൻ അനസ്തേഷ്യ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും മഹേന്ദ്ര വ്യക്തമാക്കി.